മഞ്ചേരി: നഗരത്തെ വ്യാപാര സൗഹൃദമാക്കുന്നതിന്റെ ഭാഗമായി അനധികൃത തെരുവ് കച്ചവടങ്ങള്‍ നിയന്ത്രിക്കാന്‍ നഗരസഭാ തീരുമാനം. നഗരസഭാ ചെയര്പേഴ്സന് വല്ലാഞ്ചിറ അബ്ദുൾ മജീദിന്റെ അധ്യക്ഷതയില്‍ വ്യാപാരികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.
എന്‍യുഎല്‍എം ഐഡി കാര്‍ഡ് ഉള്ളവരെ നിലനിര്‍ത്തി മറ്റുള്ളവരെ പൂര്‍ണമായും ഒഴിവാക്കും. നഗരത്തില്‍ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ വില്‍പ്പന നടത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും. ഇതിനായി പോലീസ്, എംവിഡി വകുപ്പുകള്‍ക്ക് കത്ത് നല്‍കും. അനുമതിയില്ലാതെ മത്സ്യ കച്ചവടം നടത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാനും ധാരണയായി. സെന്‍ട്രല്‍ ജംഗ്ഷന് മുതല്‍ സീതി ഹാജി ബസ് സ്റ്റാന്‍ഡ് വരെ ഇരുവശങ്ങളിലുമുള്ള തെരുവ് കച്ചവടങ്ങൾ അടിയന്തരമായി ഒഴിവാക്കും.
നഗരത്തിലെ പ്രധാന ബൈപാസുകളില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കും. വൈസ് ചെയര്പേഴ്സന് ബീന ജോസഫ്, സ്ഥിരംസമിതി അധ്യക്ഷരായ കെ.പി. ഉമ്മര്‍, സക്കീര്‍ വല്ലാഞ്ചിറ, നഗരസഭ സെക്രട്ടറി വൈ.പി. മുഹമ്മദ് അഷ്റഫ്, ക്ലീന്‍ സിറ്റി മാനേജര്‍ ജെ.എ. നുജൂം, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റഷീദുദ്ദീന്‍ മുല്ലപ്പള്ളി, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സി. രതീഷ്, റില്‍ജു മോഹന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.